കൊച്ചി: വിവാഹസമയത്ത് വധുവിന് മാതാപിതാക്കള്‍ നല്‍കുന്ന സ്വര്‍ണവും പണവും അവരുടെ ധനമാണെന്നും ഇതിനൊന്നും തെളിവുണ്ടാകണമെന്നില്ലെന്നും ഹൈക്കോടതി. വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയാകുന്നതാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. തെളിവില്ലെന്ന പേരില്‍ ഇത് നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിവാഹമോചിതരാകുന്ന സ്ത്രീകള്‍ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണവും പണവും തിരികെയാവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്യുമ്പോള്‍ തെളിവില്ലെന്നതിന്റെ പേരില്‍ നിഷേധിക്കപ്പെടാറുണ്ട്.

സ്വര്‍ണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹര്‍ജികള്‍ നിഷേധിക്കാറ്. എന്നാല്‍ ഇത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞു. തെളിവുനിയമത്തിന്റെ കാര്‍ക്കശ്യത്തിനപ്പുറമുള്ള പരിശോധന ഇത്തരം വിഷയത്തില്‍ ആവശ്യമാണെന്ന് ഓര്‍മ്മിക്കുന്നതാണ് വിധിയെന്ന് അഭിഭാഷകയായ റീനാ എബ്രഹാം പറഞ്ഞു.

പലപ്പോഴും സമ്പാദ്യം കൂട്ടിവെച്ചാണ് മാതാപിതാക്കള്‍ മക്കള്‍ക്കായി സ്വര്‍ണം വാങ്ങാറ്. ഇതിന്റെയൊക്കെ ബില്‍ തെളിവായി ഹാജരാക്കുക അസാധ്യമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബകോടതികള്‍ യുക്തമായ തീരുമാനമെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഹൈക്കോടതിവിധിയെന്നും അവര്‍ പറഞ്ഞു.

ഹൈന്ദവവിവാഹങ്ങളില്‍ വിവാഹസമയത്ത് നല്‍കിയ സ്വത്തിന്റെ വിവരങ്ങള്‍ സമുദായസംഘടനകളുടെ കൈവശമുള്ള ബുക്കുകളില്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍, മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ല. അത്തരം കേസുകളില്‍ തെളിവില്ലെന്നതിന്റെ പേരില്‍ സ്വര്‍ണമടക്കമുള്ളവ തിരികെവേണമെന്ന ആവശ്യം നിഷേധിക്കപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഹൈക്കോടതി ഉത്തരവ് ആശ്വാസമായിമാറുകയെന്ന് അഡ്വ. ബിനി എലിസബത്ത് പറഞ്ഞു.