തിരുവനന്തപുരം: വാക്‌സിനെടുത്തിട്ടും പേവിഷബാധയേല്‍ക്കുന്നതില്‍ ആശങ്ക ശക്തമായതോടെ, പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന് കീഴിലെ വാക്‌സിന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ഉടന്‍ യോഗം ചേരും. പുതുതായി എത്തിയ സ്റ്റോക്കില്‍ ഗുണനിലവാര പരിശോധന നടത്തിയിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒരുമാസത്തിനിടെ, മൂന്നു കുട്ടികള്‍ക്കാണ് വാക്‌സിനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചത്.മൂന്ന് കുട്ടികളും മരിച്ചു. അഞ്ചു വര്‍ഷത്തിനിടെ, വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് 21 പേര്‍ മരിച്ചെന്നാണ് കണക്ക്. വാക്‌സിന്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, കുത്തിവെപ്പിലെ അപാകം, പ്രാഥമിക ശുശ്രൂഷയിലെ പോരായ്മ എന്നിവയെല്ലാം പേവിഷബാധക്ക് കാരണമാകും. ഇതെല്ലാം വാക്‌സിന്‍ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിക്കും.

ഈ വര്‍ഷം ആദ്യ നാലു മാസത്തിനിടെ, പേവിഷബാധയേറ്റ് 13 പേര്‍ മരിച്ചു. ഇതില്‍ ആറും ഏപ്രിലിലാണ്. വാക്‌സിന്‍ 100 ശതമാനവും ഗുണമേന്മയുള്ളതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. ഓരോ ബാച്ച് വാക്സിന്റെയും ഗുണഫലം സെന്‍ട്രല്‍ ലാബില്‍ ഉറപ്പു വരുത്തിയതിനുശേഷമാണ് വിതരണമെന്നും അവര്‍ അറിയിച്ചു.