കൊച്ചി: ശബരിമലയിലെ വിഷുവിളക്ക് തിരുവുത്സവ മഹോത്സവത്തിനിടെ നിലയ്ക്കല്‍-പമ്പാ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് മുന്നറിയിപ്പില്ലാതെ മുടക്കിയത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.

നിലയ്ക്കലിലെ പമ്പില്‍ ഡീസല്‍ ഇല്ലെന്ന പേരില്‍ ഏപ്രില്‍ 16ന് വൈകീട്ട് ഏഴിന് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള സര്‍വീസ് മുടങ്ങിയത് സംബന്ധിച്ച ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

മാസപൂജക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ പമ്പയിലും നിലക്കലുമുള്ള പെട്രോള്‍ പമ്പില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.