കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, മരിച്ചു പോയതായി സ്വയം പത്രവാര്‍ത്ത നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണു പ്രതി ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാര്‍ കാര്‍ഡില്‍ എം.ആര്‍.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്; വോട്ടര്‍ ഐഡി കാര്‍ഡില്‍ കുമാരനല്ലൂരിലെ വിലാസവും.

2023ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍നിന്ന് 5 ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ മരിച്ചെന്നു വിവരം ലഭിച്ചു. തുടര്‍ന്നു പൊലീസില്‍ പരാതിപ്പെട്ടു. മറ്റൊരു പത്രത്തിന്റെ ചരമവാര്‍ത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാര്‍ത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്‌കാരം നടക്കുമെന്നും വാര്‍ത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാര്‍ത്തയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണമെത്തിയത്.