കണ്ണൂര്‍: കണ്ണൂര്‍ സിറ്റി തായത്തെരുവില്‍ ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ പേടിപ്പിക്കാനായി ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ മുറുകി യുവാവ് ദാരുണമായി മരിച്ചു.

കണ്ണൂര്‍ സിറ്റി തായത്തെരു സ്വദേശി സിയാദാ(30)ണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിട്ടപ്പോള്‍ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ നഗരത്തിലെ ഓട്ടോ ഡ്രൈവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. കബറടക്കം കണ്ണൂര്‍ സിറ്റി ജുമാത്ത് പള്ളിയില്‍ നടത്തി. കഴിഞ്ഞ കുറെക്കാലമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് സിയാദ്. സലാം - സീനത്ത് ദമ്പതികളുടെ മകനാണ്. മക്കള്‍ ആസിയ, സിയ.