ഓയൂര്‍: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമണ്‍ കിഴക്കേക്കര ദീപുനിവാസില്‍ ദീപക്കാ(28)ണ് പിടിയിലായത്. മൈക്ക് ഓപ്പറേറ്ററായിരുന്ന ദീപക് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയംതോന്നിയ വീട്ടുകാര്‍ ചോദ്യംചെയ്തതില്‍നിന്നാണ് പീഡനവിവരം മനസ്സിലായത്. സംഭവമറിഞ്ഞ സിഡബ്ല്യുസി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ് നടത്തി. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എച്ച്ഒ എസ്.ടി. ബിജുവിന്റെ നിര്‍ദേശപ്രകാരം എസ്ഐ രജനീഷ് മാധവന്‍, സിപിഒമാരായ സാബു, അന്‍വര്‍, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.