നെടുങ്കണ്ടം: പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ പത്ത് വര്‍ഷത്തിനുശേഷം പോലിസ് പിടികൂടി. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. ഇടുക്കി പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ രാജ് (33) ആണ് ഉടുമ്പന്‍ചോല പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 17ന് അയല്‍വാസിയെ ആക്രമിച്ച കേസില്‍ നടത്തിയ അന്വേഷണത്തില്‍ തേനിയില്‍ നിന്നാണു പ്രതി പിടിയിലായത്.

വാക്കുതര്‍ക്കത്തെത്തുടര്‍ന്നു പിതാവ് കറുപ്പയ്യയെ 10 വര്‍ഷം മുന്‍പാണ് ആനന്ദ രാജ് കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി തമിഴ്‌നാട്ടിലേക്കു കടക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.