കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടത്തിനുള്ളിലകപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശികളായ രാഹുല്‍, (19) രൂപേല്‍ (21), അലീം (30) എന്നിവരാണ് ഉള്ളില്‍ കുടുങ്ങിയത്. ഇവരില്‍ രണ്ടുപേരുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് മഴയെ തുടര്‍ന്ന് ഇടിഞ്ഞഅ വീണത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന കൊടകര ടൗണില്‍ തന്നെയുള്ള പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. 10 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.