കോട്ടയം: ഓണ്‍ലൈന്‍ േെട്രഡിങിന്റെ പേരില്‍ ലാഭം വാഗ്ദാനം ചെയ്ത് കോട്ടയം വടവാതൂര്‍ സ്വദേശിയില്‍ നിന്ന് 1.64 കോടി തട്ടിയ കേസില്‍ ആന്ധ്ര സ്വദേശി പിടിയില്‍. ആന്ധ്രപ്രദേശ്, വിശാഖപട്ടണം, ഗാന്ധിനഗര്‍ സ്വദേശി രമേഷ് വെല്ലംകുളയെ (33) ആണ് കോട്ടയം സൈബര്‍ പോലീസ് വിശാഖപട്ടണത്തുനിന്ന് അറസ്റ്റുചെയ്തത്.

ഷെയര്‍ ട്രേഡിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് ആദ്യം ചെറിയതുക നിക്ഷേപമായി സ്വീകരിച്ചു. ലാഭം കൊടുത്ത് വിശ്വാസം ആര്‍ജിച്ചശേഷം വലിയതുക നിക്ഷേപമായി വാങ്ങി എടുക്കുക ആയിരുന്നു. പലപ്രാവശ്യമായാണ് തുക തട്ടിയെടുത്തത്.

പ്രതികള്‍ വാട്‌സാപ്പ് വഴി അയച്ചുകൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് ഇവര്‍ തയ്യാറാക്കിയ വ്യാജകമ്പനിയുടെ സൈറ്റിലാണ്. സംഘം ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു. ഈ തുകയ്ക്ക് വലിയതുക ലാഭമായി തന്റെ അക്കൗണ്ടില്‍ വന്നുവെന്നും ബോധ്യപ്പെട്ടു. എന്നാല്‍, ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുക പിന്‍വലിക്കാനായില്ല.

ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജഗദീഷ്, എസ്‌ഐ വി.എന്‍. സുരേഷ്‌കുമാര്‍, സിപിഒമാരായ കെ.വി. ശ്രീജിത്ത്, ആര്‍. സജിത്കുമാര്‍, കെ.സി. രാഹുല്‍മോന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.