- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവണ്ടിക്കുള്ളിലെ ഫയര്‍ എക്സ്റ്റിങ്ഗുഷര്‍ അപ്രതീക്ഷിതമായി തുറന്നു; യാത്രക്കാര്‍ പരിഭ്രാന്തരായി
തീവണ്ടിക്കുള്ളിലെ ഫയര്‍ എക്സ്റ്റിങ്ഗുഷര്‍ അപ്രതീക്ഷിതമായി തുറന്നു; യാത്രക്കാര്‍ പരിഭ്രാന്തരായി
തലശ്ശേരി: തീവണ്ടിക്കുള്ളില്‍ തീ അണയ്ക്കാനുള്ള ഉപകരണം (ഫയര്‍ എക്സ്റ്റിങ്ഗുഷര്‍) അപ്രതീക്ഷിതമായി ഉഗ്രശബ്ദത്തോടെ തുറന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ശബ്ദത്തോടൊപ്പം മഞ്ഞനിറത്തിലുള്ള പൊടി കംപാര്‍ട്ടുമെന്റില്‍ നിറഞ്ഞതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നിലവിളിച്ചു. പൊടി പുറത്തേക്ക് വമിക്കുന്നത് നിലച്ചതോടെയാണ് യാത്രക്കാര്‍ക്ക് ശ്വാസംവീണത്. കോയമ്പത്തൂരില്‍നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ചൊവ്വാഴ്ച രാവിലെ 11-ഓടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
എന്‍ജിന്റെ പിന്നില്‍ മൂന്നാമത്തെ കോച്ചിലായിരുന്നു 'പൊട്ടലും ചീറ്റലും'. സീറ്റുകളിലും യാത്രക്കാരുടെ വസ്ത്രത്തിലും പൊടി പടര്‍ന്നു. പേടിച്ചരണ്ട ചില യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയിരുന്നു. അല്പസമയത്തിനുശേഷം യാത്ര പുനരാരംഭിച്ച വണ്ടി കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയതോടെ സന്തോഷിന്റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി പൊടിതുടച്ച് സീറ്റുകള്‍ വൃത്തിയാക്കി. തീ അണയ്ക്കാനുള്ള മോണോ അമോണിയം സള്‍ഫേറ്റ് എന്ന രാസവസ്തു അടങ്ങിയ സിലിന്‍ഡര്‍ തുറന്നതാണ് സംഭവത്തിന് ഇടയാക്കിയത്. യാത്രക്കാരിലാരോ ഇതിന് മുകളില്‍ വെച്ച ബാഗ് എടുത്തപ്പോള്‍ യാദൃച്ഛികമായി വള്ളി തട്ടി സിലിന്‍ഡറിന്റെ ലിവര്‍ തുറന്നതാണെന്ന് സംശയിക്കുന്നു.