- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാഥമികറിപ്പോര്‍ട്ടിന്റെ ഫയല്പ്പകര്പ്പിന് 2,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു; പോലിസുകാരന് വിജിലന്‍സ് പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ പിടിയിൽ
തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന് വിജിലന്‍സ്പിടിയില്‍. വാഹനാപകടത്തില്‍ പരിക്കേറ്റയാളുടെ പ്രാഥമികറിപ്പോര്‍ട്ടിന്റെ ഫയല്പ്പകര്പ്പിന് 2,000 രൂപ ആവശ്യപ്പെട്ട ഒല്ലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷാണ് അറസ്റ്റിലായത്. വക്കീല്‍ ഗുമസ്തന് വേലൂര്‍ സ്വദേശി യേശുദാസാണ് രേഖകള്‍ ലഭിക്കാന്‍ പോലീസിനെ സമീപിച്ചത്.
മൂന്നുമാസം മുന്‍പ് മധുര സ്വദേശിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഭാഷ വശമില്ലാത്തതിനാല്‍ കേസ് കൈകാര്യംചെയ്യാന്‍ യേശുദാസ് വക്കീലിനെ ഏല്‍പ്പിച്ചു. വക്കീലിന്റെ നിര്‍ദേശപ്രകാരം യേശുദാസ് സ്റ്റേഷനില്‍ പോകുകയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീഷിനെ കാണുകയും ചെയ്തു. മേയ് 25-ന് ഫോണില്‍ അന്വേഷിച്ചപ്പോള്‍, കോടതിയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പകര്‍പ്പിന് 2,000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് പലതവണ ഫോണില്‍ വിളിച്ചു. യേശുദാസ് വിജിലന്‍സ് ഡിവൈഎസ്പിയെ വിവരമറിയിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്കിയ പണവുമായി യേശുദാസ് ഒല്ലൂര്‍ സ്റ്റേഷനിലെത്തി. ജനമൈത്രി കേന്ദ്രത്തിലെത്തി പണം നല്കി. അപ്പോള്‍ത്തന്നെ പോലീസുകാരന് രേഖകള്‍ നല്കി. സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയോടെ പോലീസുകാരനെ പിടികൂടി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.