പാലക്കാട്: കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്. നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തില്‍ വീട്ടില്‍ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴുമണിയോടെ വയോധികയെ കിണറില്‍ വീണ് കിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കാണുകയായിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചത് കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. അതിരാവിലെ ഇവര്‍ വീണിട്ടുണ്ടാമെന്ന് കരുതി ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

കൂറ്റനാടിന് സമീപം കോതച്ചിറയിലാണ് സംഭവം. അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ച ശേഷം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകാതിരിക്കാനായി പ്രദേശവാസി കല്‍പ്പാലത്തിങ്കല്‍ ഭാസ്‌കരന്‍ കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിര്‍ത്തി. ഈ സമയമത്രയും വയോധികയ്ക്ക് ജീവനുണ്ടോ എന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അഗ്‌നിരക്ഷാസേന എത്തി ശരീരം മുകളിലേക്കു കയറ്റുന്നതിനിടെയാണ് വയോധികയുടെ കണ്‍പോളയിലെ ഇളക്കം ശ്രദ്ധയില്‍പ്പെടുന്നതും ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന് മനസിലായതും.

ഉടന്‍ തന്നെ വയോധികയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ തുടരുന്ന ദാക്ഷായണി ഞായറാഴ്ച ഉച്ചയോടെ തന്നെ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മണിക്കൂറുകളോളം നിറയെ വെള്ളമുള്ള കിണറില്‍ വീണ് കിടന്നിട്ടും വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും രക്ഷാപ്രവര്‍ത്തകരുമെല്ലാം. അതേ സമയം ഇവര്‍ എങ്ങനെ കിണറില്‍ വീണു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.