കൊല്ലം: മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ തുറവൂര്‍ പള്ളിത്തോട് കരയില്‍ കളത്തില്‍ പീറ്ററിനെ (ജെന്‍സണ്‍) കൊലപ്പെടുത്തിയ കേസില്‍ അമ്പലപ്പുഴ മണ്ണാഞ്ചേരി മുറിയാക്കല്‍ വീട്ടില്‍ അനൂപിനെ(35)യാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ നാലുമാസം കഠിനതടവും അനുഭവിക്കണം. സുഹൃത്തുക്കളായ കൊട്ടാരക്കര സ്വദേശി അജി (28), ആലപ്പുഴ പള്ളിത്തോട് സ്വദേശി ബെന്‍സിലാല്‍ (28), കൊല്ലം പട്ടാഴി സ്വദേശി അരുണ്‍രാജ് (29) എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം കഠിനതടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി.എം. സീമയാണ് ശിക്ഷ വിധിച്ചത്.

2016 ഓഗസ്റ്റ് 20-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ടൈല്‍സ് തൊഴിലാളികളായിരുന്ന അഞ്ച് സുഹൃത്തുക്കളും കരാറുകാരന്‍ എടുത്തുകൊടുത്ത വാടകവീട്ടിലായിരുന്നു താമസം. രാത്രി 10-ഓടെ മദ്യപാനത്തിനുശേഷം കാരംസ് കളിക്കിടെ പ്രതി അനൂപിന് ഫോണ്‍ വന്നു. ഫോണില്‍ സംസാരിക്കാന്‍ മറ്റുള്ള നാലുപേരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് നാലുപേരെയും ആക്രമിക്കുകയായിരുന്നെന്നാണ് കേസ്. ചികിത്സയിലിരിക്കെ നാലാംദിവസം രാവിലെയാണ് ജെന്‍സണ്‍ മരിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് ഹാജരായി.