കൊച്ചി: കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചത് 160 പേര്‍. 2014 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ 22.52 ലക്ഷം പേര്‍ക്ക് നായയുടെ കടിയേറ്റു. തെരുവു നായ്ക്കളുടെയും വളര്‍ത്തുനായ്ക്കളുടെയും ചേര്‍ത്തുള്ള കണക്കാണിത്. 2021 മുതല്‍ 2025 ഏപ്രില്‍ വരെ പേവിഷ ബാധയേറ്റു മരിച്ച 105 പേരില്‍ 23 പേര്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നതായും വ്യക്തമായിട്ടുണ്ട്. കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന ബാലാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.

നായ്ക്കള്‍ക്കു പുറമേ കുറുനരി, കാട്ടുപൂച്ച എന്നിവയുടെ കടിയേറ്റും പേവിഷബാധയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് കുട്ടികള്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും മരിച്ച സാഹചര്യത്തിലാണു ജയ്‌സിങ് പരാതി ഉന്നയിച്ചത്. മുഖത്തുള്‍പ്പെടെയുണ്ടായ മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറില്‍ എത്തിയതിനാലാണ് ഈ കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പു ഫലം കാണാതിരുന്നതെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. 2020നു ശേഷം നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെയും പേവിഷ ബാധയേറ്റു മരിക്കുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്.