- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്നു കടയിലേക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കി ലഹരി വാങ്ങാന്‍ ശ്രമം; പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കി ലഹരി വാങ്ങാന്‍ ശ്രമം; പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും
ആലപ്പുഴ: മരുന്നു കമ്പനിയുടെ പേരില്‍ ഓണ്‍ലൈനായി ലഹരി വാങ്ങാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലില്‍ അമീര്‍ഷാന്‍ (26), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (32) എന്നിവരെ ജില്ലാ അഡിഷനല്‍ സെഷന്‍സ് കോടതി 2 ജഡ്ജി എസ്.ഭാരതിയാണു തടവിനു വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
മരുന്നു കടയിലേക്കെന്ന വ്യാജേന ഹൈദരാബാദിലെ മരുന്നു നിര്‍മാണ കമ്പനിക്ക് ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈനായി ലഹരിമരുന്ന് എത്തിക്കുക ആയിരുന്നു. ലഹരി വിമോചന ചികിത്സയില്‍ കഴിയവെയാണു പ്രതികള്‍ വേദനസംഹാരിയായും വിഷാദ രോഗത്തിനും മറ്റും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡയസെപാം എന്ന ലഹരിമരുന്ന് ഓര്‍ഡര്‍ ചെയ്തത്. 10 മില്ലിലീറ്റര്‍ വീതമുള്ള 100 കുപ്പികളിലായി ദ്രാവക രൂപത്തിലുള്ള ഒരു ലീറ്റര്‍ ഡയസെപാം ആണു പ്രതികള്‍ ഓണ്‍ലൈനായി വരുത്തിയത്. ദ്രാവക രൂപത്തില്‍ ഇത്രയും വലിയ അളവില്‍ ലഹരി കടത്ത് അപൂര്‍വമാണ്.
നഗരത്തിലെ മരുന്നുകടയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ലൈസന്‍സ് വിവരങ്ങള്‍ ഉപയോഗിച്ചാണു പ്രതികള്‍ ലഹരിമരുന്ന് ഓര്‍ഡര്‍ ചെയ്തത്. മരുന്നുകടക്കാര്‍ കുറിയര്‍ മടക്കിയതോടെ കുറിയര്‍ കമ്പനി എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയായ അമീര്‍ഷാനെതിരെ കൊല്ലത്തും പാലക്കാടും എന്‍ഡിപിഎസ് കേസുകളുണ്ട്. ആലപ്പുഴ അസി. എക്‌സൈസ് കമ്മിഷണറായിരുന്ന എം.നൗഷാദാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സിഐയായിരുന്ന എം. മഹേഷാണു കേസ് അന്വേഷിച്ചത്. അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എ.ശ്രീമോന്‍ ഹാജരായി.