കൊച്ചി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്ററുടെ ഇരട്ട ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി. തൊടുപുഴ പോക്‌സോ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി പത്തനംതിട്ട തണ്ണിത്തോട് തോസലാടിയില്‍ ഷിബുവിനെയാണ് ഹൈക്കോടതി വിട്ടയച്ചത്. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

പെണ്‍കുട്ടിയുടെ മൊഴിയും മെഡിക്കല്‍ റിപ്പോര്‍ട്ടും പൊരുത്തപ്പെടുന്നില്ലെന്ന് വിലയിരുത്തിയാണ് തൊടുപുഴ പോക്‌സോ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. 2014 ഒക്ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷിബു ഇടുക്കിയില്‍ കുടുംബസമേതം വാടകയ്ക്ക് താമസിച്ചിരുന്നപ്പോള്‍ തന്റെ കുട്ടിയോടൊപ്പം കളിക്കാനെത്തിയ പത്തുവയസ്സുകാരിയെ ഒരു വര്‍ഷത്തിനിടെ പലവട്ടം പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. കുട്ടിയുടെ മൊഴിയടക്കം കണക്കിലെടുത്തായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്നോടുള്ള വിരോധമാണ് പരാതിക്ക് അടിസ്ഥാനം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പറഞ്ഞു പറയിപ്പിച്ച മൊഴിയാണ് പെണ്‍കുട്ടിയുടേതെന്നും വാദിച്ചു. ഷിബു സ്വയമാണ് കേസ് വാദിച്ചത്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി പറയുന്നില്ലെന്നത് കോടതി കണക്കിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസനീയമാണെന്നും വിലയിരുത്തി. തുടര്‍ന്നാണ് പോക്‌സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.