ഭുവനേശ്വര്‍: ഒഡീഷയില്‍ കന്ധമാല്‍ ജില്ലയിലെ രണ്ട് സര്‍ക്കാര്‍ ഹോസ്റ്റലുകളിലെ അന്തേവാസികള്‍ ഗര്‍ഭിണികളെന്ന് വിവരം. പതിവ് പരിശോധനയിലാണ് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. ഇരുവരും സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

കഴിഞ്ഞ മാസം വേനല്‍ക്കാല അവധിക്ക് ശേഷമാണ് ഇരുവരും ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. അവധിക്ക് വീട്ടില്‍ പോയി വന്ന ശേഷമാണ് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായത്. ഹോസ്റ്റല്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിനികളെ കൗണ്‍സിലിങ്ങിനായി മാറ്റി. വീട്ടില്‍ നിന്നാണോ കുട്ടികള്‍ ഗര്‍ഭിണികളായതെന്ന് പോലിസ് ചോദിച്ച് അറിയുകയാണ്.

''ഞങ്ങള്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ ഗര്‍ഭധാരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്'' ' ബാലിഗുഡ എസ്ഡിപിഒ രാമേന്ദ്ര പ്രസാദ് പറഞ്ഞു. വേനല്‍ക്കാല അവധി കഴിഞ്ഞ് രണ്ട് വിദ്യാര്‍ഥിനികളും സാനിറ്ററി നാപ്കിനുകള്‍ എടുക്കാന്‍ വാര്‍ഡന്റെ മുറിയിലേക്ക് വരാതിരുന്നപ്പോഴാണ് ഗര്‍ഭധാരണ സംഭവങ്ങള്‍ പുറത്തുവന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.