കലവൂര്‍: ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പ് മറിച്ചു മാറ്റുന്നതിനിടെ മരവും ശരീരവുമായി കൂട്ടിക്കെട്ടിയ കയര്‍ മുറുകി തൊഴിലാളി മരിച്ചു. മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരം രണ്ടായിപ്പിളര്‍ന്നതാണ് അപകട കാരണം. കാട്ടൂര്‍ പള്ളുരുത്തിയില്‍ എബ്രഹാം (സോജന്‍-46) ആണ് മരിച്ചത്. മരം പിളര്‍ന്നപ്പോള്‍ മുറുകിയതാണ് അപകട കാരണം. ചെട്ടികാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

കാട്ടൂര്‍ കണ്ടനാട് മാര്‍ഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പുമുറിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഒടിഞ്ഞഭാഗത്തിന്റെ താഴെ മരത്തില്‍ കമ്പുകെട്ടി അതില്‍ ഇരുന്നാണ് സോജന്‍ മരം മുറിച്ചത്. സുരക്ഷയ്ക്കായി ശരീരവും മരവുമായി വടമുപയോഗിച്ച് കൂട്ടിക്കെട്ടിയിരുന്നു. കട്ടര്‍ ഉപയോഗിച്ച് മുറിച്ചുകൊണ്ടിരിക്കേ, ഒടിഞ്ഞുതൂങ്ങിയ കൊമ്പിന്റെ ഭാരത്താല്‍ തായ്ത്തടി പിളരുകയായിരുന്നു. പിളര്‍ന്നകന്ന് മറുവശത്തേക്ക് ഭാരം കൂടിയപ്പോള്‍ സോജന്‍ മരത്തില്‍ അമര്‍ന്ന് കയര്‍ മുറുകി തത്ക്ഷണം മരിച്ചു.

സഹായി ഉടന്‍തന്നെ മുകളില്‍ക്കയറി വടം മുറിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി വലകെട്ടിയാണ് താഴെയിറക്കിയത്. ഒരുമണിക്കൂറോളം മുകളില്‍ കുടുങ്ങി.

കഴിഞ്ഞദിവസത്തെ കാറ്റിലാണ് കൊമ്പ് ഒടിഞ്ഞുതൂങ്ങിയത്. ഇത് വൈദ്യുതിക്കമ്പിയില്‍ മുട്ടുന്ന നിലയിലായതിനാല്‍, മുറിച്ചുമാറ്റാന്‍ കെഎസ്ഇബി അധികൃതര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മരം മുറിച്ചത്.

ഭാര്യ: റോണിയ. അച്ഛന്‍: പരേതനായ ഭസ്സള്‍. അമ്മ: ജോണമ്മ. സംസ്‌കാരം തിങ്ക ളാഴ്ച 10-ന് കാട്ടൂര്‍ സെയ്ന്റ് മൈക്കിള്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.