- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു തൂങ്ങി; സുരക്ഷയ്ക്ക് ദേഹത്തുകെട്ടിയ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു
മുറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു തൂങ്ങി; സുരക്ഷയ്ക്ക് ദേഹത്തുകെട്ടിയ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു
തച്ചമ്പാറ: മരക്കൊമ്പ് മുറിക്കുന്നതിനിടെ സുരക്ഷയ്ക്ക് ദേഹത്തുകെട്ടിയ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു. മുറിക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടി തൂങ്ങി നിന്നതാണ് അപകട കാരണം. തെക്കുംപുറം കനാല്‍വശത്ത് മരക്കൊമ്പ് മുറിക്കാന്‍ കയറിയ കരാര്‍ തൊഴിലാളി ഇടക്കുറുശ്ശി നെല്ലിക്കുന്ന് ബെന്നി പോളാണ് (രാജു-59) മരിച്ചത്. മരത്തില്‍നിന്ന് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ രാജുവിനെ അഗ്‌നിരക്ഷാസേനയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരത്തില്‍ കയറുമ്പോള്‍ സുരക്ഷയ്ക്കായി ദേഹത്ത് കയര്‍കെട്ടിയിരുന്നു. വലിയ മരക്കൊമ്പ് പകുതി മുറിച്ചപ്പോഴേക്കും പൊട്ടിച്ചീന്തി താഴേയ്ക്കുവീണു. ഈ കൊമ്പില്‍ രാജുവിന്റെ ദേഹത്തുകെട്ടിയ കയറിന്റെ ഭാഗം കുരുങ്ങി. കുറച്ചുഭാഗം നിലത്തുകുത്തിയ കൊമ്പ് പൂര്‍ണമായി വീഴാതെ ഈ കയറില്‍ തൂങ്ങിനിന്നു. ഇടുപ്പില്‍ കയര്‍ കുരുങ്ങിയതോടെ അനങ്ങാന്‍ കഴിയാതെ രാജു മുക്കാല്‍മണിക്കൂറോളം മരത്തില്‍ കുടുങ്ങി.
മണ്ണാര്‍ക്കാട്ടുനിന്ന് അഗ്‌നിരക്ഷാ സേനയെത്തിയപ്പോഴേക്കും സഹതൊഴിലാളി മരത്തില്‍ കയറി രാജുവിന്റെ ദേഹത്തുകുരുങ്ങിയ കയര്‍ മുറിച്ചുമാറ്റിയിരുന്നു. അപ്പോേഴക്കും രാജു തളര്‍ന്ന് അവശനായി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ വലയില്‍ താഴെയിറക്കി. തുടര്‍ന്ന്, ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് ഏറെ വൈകാതെ മരിച്ചു.
വ്യാഴാഴ്ച രാവിലെ 11-നാണ് സംഭവം. കാഞ്ഞിരപ്പുഴ കനാല്‍വശത്തെ മരങ്ങള്‍ മുറിക്കാന്‍ കരാറെടുത്ത സംഘത്തിലെ തൊഴിലാളിയാണ് രാജു.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പാര്‍വതി. മക്കള്‍: റിജോ, റോഷ്നി.