കുറ്റ്യാടി: വനത്തിനുള്ളില്‍ പശുവിനെ മേയ്ക്കാന്‍ പോയ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ വനാതിര്‍ത്തിക്കുസമീപം പശുവിനെ മേയ്ക്കാന്‍പോയ ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ (43) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും പശുവിന്റെ ജഡവും കണ്ടെത്തി.

വെള്ളിയാഴ്ച രാത്രിയായിട്ടും തിരിച്ചു വരാതായതോടെ വനംവകുപ്പും പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരും നടത്തിയ തിരച്ചലില്‍ രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബോബിയുടെ ശരീരത്തില്‍ പരിക്കുകളൊന്നുമില്ല. പശുവിന്റെ ശരീരത്തിലും പരിക്കുകള്‍ ഇല്ല. ബോബിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.