കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 77 വര്‍ഷം കഠിന തടവും 2.09 ലക്ഷം രൂപ പിഴയും ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് വിധിച്ചു. മുളിയാര്‍ മല്ലത്തെ കോളംകോട് വീട്ടില്‍ കെ. സുകുമാരനെ (45) ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും ഏഴുമാസവും അധിക തടവ് അനുവഭിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 2023 ജൂണ്‍ 25-നാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14-കാരിയെ പ്രതി വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്തും പ്രതി സമാനരീതിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.

ആദൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടര്‍ എ. അനില്‍കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.