തളിപ്പറമ്പ്: രോഗികളുമായി കര്‍ണാടകത്തിലെ ആസ്പത്രികളിലേക്ക് പോകുമ്പോള്‍ എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുന്ന ആംബുലന്‍സ് ഡ്രൈവറെ എക്‌സൈസ് അറസ്റ്റുചെയ്തു. കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ.പി.മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലില്‍നിന്ന് ഇയാളെ പിടിച്ചത്. മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുസ്തഫയെ മാസങ്ങളായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു.

കര്‍ണാടകത്തില്‍നിന്ന് വാങ്ങുന്ന എംഡിഎംഎ ആവശ്യക്കാര്‍ക്ക് കൈയില്‍ കൊടുക്കാതെ നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ സഹിതം അയച്ചുകൊടുക്കുകയാണ് പതിവെന്ന് എക്‌സൈസ് പറഞ്ഞു.തളിപ്പറമ്പ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.രാജീവന്റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.രാജേഷ്, പി.പി.മനോഹരന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.മുഹമ്മദ് ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിജിത്ത്, കലേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മുസ്തഫയെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു.

ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷനില്‍ നിന്ന് മുസ്തഫയെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരി പറഞ്ഞു. ആരോപണം വന്നപ്പോള്‍ത്തന്നെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.