കോന്നി: വേടന്റെ ഷോ കണ്ട് മടങ്ങിയ പോലിസുകാരനുള്‍പ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലിസുകാരനടക്കം നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ റാപ്പര്‍ വേടന്റെ ഷോ കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘമാണ് ആക്രമണം അഴിട്ടു വിച്ചത്. ഇവര്‍ കമ്പുകൊണ്ട് ആക്രമിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കൈക്കു പൊട്ടല്‍ ഉണ്ടായി. വലതു കൈക്കു പൊട്ടലേറ്റ കോന്നി മങ്ങാരം കളര്‍നില്‍ക്കുന്നതില്‍ റഷീദ ബീവിയെ കോന്നി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കോന്നി പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം എആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര നെടുവത്തൂര്‍ ചണ്ണയ്ക്കാപാറ പുത്തന്‍പുര താഴേതില്‍ അഖില്‍രാജ് (30), സഹോദരന്‍ എം.ആര്‍.അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹന്‍ (20), പത്തനംതിട്ട മാത്തൂര്‍ മലമുകളില്‍ സെറ്റില്‍മെന്റ് കോളനി കാഞ്ഞിരം നില്‍ക്കുന്നതില്‍ പി.കെ.ദിപിന്‍ (സച്ചു23) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി 10ന് മാങ്കുളത്താണ് സംഭവം. ഷോ കഴിഞ്ഞെത്തിയ സംഘം, മാങ്കുളത്തു വച്ച സ്‌കൂട്ടര്‍ എടുക്കുന്നതിനിടെ നാട്ടുകാരുമായി തര്‍ക്കമുണ്ടായി. തുടര്‍ന്നു സമീപവാസിയായ സുലൈമാനെ (62) വീട്ടുവളപ്പില്‍ കടന്ന് ഇവര്‍ മര്‍ദിച്ചു. തടസ്സം പിടിക്കാനെത്തിയ സുലൈമാന്റെ ഭാര്യ റഷീദയെ കമ്പുകൊണ്ട് അടിക്കുകയും തള്ളിയിടുകയും ചെയ്തതായാണു പരാതി. നാട്ടുകാര്‍ മര്‍ദിച്ചെന്ന് പൊലീസുകാരന്‍ അടങ്ങുന്ന സംഘം പരാതി നല്‍കി. ഇതില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും കേസെടുത്തു.