പാലക്കാട്: ഓണ്‍ലൈന്‍ വഴി പണം നഷ്ടമായതിനെ തുടര്‍ന്ന് മനോവിഷമം മൂലം വീടുവിട്ടിറങ്ങി കാണാതായ വീട്ടമ്മ തിരിച്ചെത്തി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഗുരുവായൂരില്‍ നിന്നാണ് വന്നതെന്നാണ് പ്രേമ ബന്ധുക്കളോട് പറഞ്ഞത്. പ്രേമയെ ഈ മാസം 13-ന് അര്‍ധ രാത്രിയോടെയാണ് വീട്ടില്‍ നിന്ന് കാണാതായത്. 15 കോടി രൂപ സമ്മാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സൈബര്‍ തട്ടിപ്പിലൂടെ ഇവരില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രേമ വലിയ മനോവിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. വീടുവിട്ടിറങ്ങി നടന്നുപോകുന്ന പ്രേമയുടെ ദൃശ്യങ്ങള്‍ സമീപത്തെ മൂന്ന് സിസിടിവികളില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൊലീസ് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രേമ വീട്ടില്‍ തിരിച്ചെത്തിയത്.