വയനാട്: മരണത്തിന്റെ മുന്നില്‍ നിന്നും ജീവന്‍ രക്ഷിച്ച വീട്ടമ്മയുടെ മുന്നില്‍ നന്ദി അര്‍പ്പിക്കാനെത്തി തെരുവുനായയുടെ സ്‌നേഹപ്രകടനം. തൊണ്ടയില്‍ എല്ലിന്‍ കഷണം കുടുങ്ങി മരണത്തിലേക്ക് പോയ നായക്ക് ഒടുങ്ങാട് നസീറ എന്ന വീട്ടമ്മയാണ് രക്ഷകയായത്. തൊണ്ടയില്‍ കുടുങ്ങിയ വലിയ എല്ലിന്‍ കഷ്ണം എടുത്ത് മാറ്റുക ആയിരുന്നു.

തൊഴിലുറപ്പ് ജോലി കഴിഞ്ഞു മടങ്ങി വരുന്ന സ്ത്രീകളാണു വലിയ എല്ലിന്‍ കഷണം തൊണ്ടയില്‍ കുരുങ്ങിയ നിലയില്‍ തെരുവു നായയെ കാണുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എന്തു പറ്റിയെന്ന് അറിയാന്‍ നസീറ നായയെ സമീപിച്ചു. ഏറെ ദയനീയാവസ്ഥയിലായ നായ നസീറയ്ക്കു വാ തുറന്നു കാണിച്ചു. മറ്റൊന്നും ചിന്തിക്കാതെ ഇവര്‍ നായയെ അടുത്തു പിടിച്ചു പരിചരിക്കുകയും ചെറിയ മരക്കമ്പ് ഉപയോഗിച്ച് തൊണ്ടയില്‍ നിന്ന് എല്ല് ഏറെ പണിപ്പെട്ടു നീക്കുകയും ആയിരുന്നു.

എല്ല് തൊണ്ടയില്‍ നിന്നും പോയതോടെ ആശ്വാസത്തിലായ നായ എങ്ങോട്ടോ ഓടിപ്പോയി. പിറ്റേ ദിവസമാണ് നസീറയെ തേടി നായ വീട്ടിലേക്കെത്തിയത്. നസീറയെ കണ്ട പാടേ നിലത്തു മുട്ടുകുത്തി കൈകള്‍ കൂപ്പി നന്ദി പ്രകടിപ്പിച്ചു. കണ്ടു നിന്നവരുടെയെല്ലാം കണ്ണു നനയിച്ച രംഗമായിരുന്നു അതെന്നു സമീപവാസികള്‍ പറഞ്ഞു. കൂട്ടുകാരി ശബാനയാണ് ഈ രംഗം മൊബൈലില്‍ ചിത്രീകരിച്ചത്.