നെയ്യാറ്റിന്‍കര: വയറു വേദന അനുഭവപ്പെട്ട 37കാരി വീട്ടിലെ ശൗചാലയത്തില്‍ പ്രസവിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. വീട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് പാഞ്ഞെത്തിയ കനിവ് 108 ആംബുലന്‍സിലെ ജീവനക്കാര്‍ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി. നെയ്യാറ്റിന്‍കര വഴുതൂരില്‍ താമസിക്കുന്ന 37-കാരിയാണ് ശൗചാലയത്തില്‍ പ്രസവിച്ചത്.

വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതി നാലരയോടെ ശൗചാലയത്തില്‍ പോയി. അല്പസമയത്തിനകം പെണ്‍കുഞ്ഞിനു ജന്മംനല്‍കുക ആയിരുന്നു. ഉടനെ വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലായിരുന്ന ആംബുലന്‍സ് ഉടനെ വഴുതൂരിലെ വീട്ടിലെത്തി പ്രഥമശുശ്രൂഷ നല്‍കി,

അമ്മയ്ക്കും കുഞ്ഞിനും ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആര്‍. പ്രദീപും പൈലറ്റ് യു.എസ്. കിരണും പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു പിന്നീട് എസ്എടി ആശുപത്രിയിലേക്കും മാറ്റി. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായി കഴിയുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.