കാട്ടാക്കട: ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ ഗാര്‍ഹികപീഡനത്തിന് കായികാധ്യാപകനായ ഭര്‍ത്താവിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പന്നിയോട് മണ്ണാവിള നിമ്മൂസില്‍ താമസിക്കുന്ന വെള്ളൂര്‍ക്കോണം കൂവളശ്ശേരി വാണിയംകോട് കാര്‍ത്തികയില്‍ സിബി വി.എസ്.(39) ആണ് അറസ്റ്റിലായത്. പന്നിയോട് സ്വദേശികളായ മണിയന്റെയും രാജേശ്വരിയുടെയും മകള്‍ ദീപ്തിമോള്‍(35) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഭര്‍തൃസഹോദരിയുടെ വീട്ടില്‍ ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

മകളുടെ മരണകാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കാട്ടാക്കട പോലീസില്‍ പരാതിനല്‍കിയിരുന്നു. 2015-ല്‍ വിവാഹം കഴിഞ്ഞ് മൂന്നാംമാസംമുതല്‍ ദീപ്തിമോളെ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. സിബിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.