- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഫീസ് അടയ്ക്കാന്‍ വൈകി; യുകെജി വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റാതെ വഴിയിലിട്ട് പോയി
യുകെജി വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റാതെ പോയി
മലപ്പുറം: വാഹന ഫീസടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ സ്‌കൂള്‍ ബസില്‍ കയറാന്‍ അനുവദിച്ചില്ല. രാവിലെ കുട്ടിയെ വഴയില്‍ നിര്‍ത്തി ബസ് പോയെന്ന് രക്ഷിതാക്കളുടെ പരാതി. കരഞ്ഞു കൊണ്ട് നിന്ന കുട്ടിയെ അയല്‍വാസികളാണ് വീട്ടിലെത്തിച്ചത്. ഇടിമൂഴിക്കലിലുള്ള ചേലേമ്പ്ര എഎല്‍പി സ്‌കൂളിലെ അഞ്ചുവയസ്സുകാരനെയാണ് സ്‌കൂള്‍ ബസില്‍ കയറാന്‍ അനുവദിക്കാതെ വഴിയില്‍ നിര്‍ത്തിയത്.
തിങ്കളാഴ്ച രാവിലെ കുട്ടി ബസില്‍ കയറാനൊരുങ്ങിയപ്പോള്‍ തടയുകയായിരുന്നുവെന്നും കുട്ടി വഴിയില്‍ നില്‍ക്കുന്ന വിവരം രക്ഷിതാക്കളെ പോലും അറിയിക്കാതെ ബസ് പോയെന്നുമാണ് പരാതി. സ്‌കൂളില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് വിദ്യാര്‍ഥിയുടെ വീട്. 1000 രൂപ ഫീസടയ്ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് പ്രഥമാധ്യാപിക കുട്ടിയെ ബസില്‍ കയറ്റേണ്ടെന്ന് ഡ്രൈവറോട് നിര്‍ദേശിച്ചെന്നാണ് ആരോപണം. മറ്റ് വിദ്യാര്‍ഥികള്‍ ബസില്‍ കയറി സ്‌കൂളിലേക്ക് പോയതോടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് നടക്കുകയായിരുന്നു. ഇതുകണ്ട് അയല്‍വാസികള്‍ വീട്ടിലെത്തിച്ചു.
പരാതിയുമായെത്തിയ രക്ഷിതാവിനോട് സ്‌കൂള്‍ മാനേജരും മോശമായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്. ടിസി വാങ്ങിപ്പോകാമെന്ന് പറഞ്ഞതായും പരാതിയുണ്ട്. വിദ്യാഭ്യാസമന്ത്രിക്കും ബാലാവകാശ കമ്മിഷനും പോലീസിനും കുടുംബം പരാതി നല്‍കി. വലിയ മാനസികപ്രയാസമുണ്ടായെന്നും ഇനി ആ സ്‌കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്നും കുടുംബം പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.