തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ശം ശക്തമാകുന്നു. ഇരട്ട ന്യൂനമര്‍ദങ്ങളാണ് കേരളതീരത്ത് രൂപപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ പെയ്യും. ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പ്. ഇന്ന് എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍, കേരള-കര്‍ണാടക തീരത്തിന് സമീപത്തായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടി അടുത്ത മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. ഇതും പിന്നീട് തീവ്രന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. ഈ ഇരട്ട തീവ്രന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരും.

മലയോര മേഖലകള്‍ ഇപ്പോള്‍ തന്നെ മഴയില്‍ വലഞ്ഞു. തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പില്‍ പറയുന്നത്. കേരളാ തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപെരിയാര്‍ അണകെട്ട് തുറന്നതിനാല്‍ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.