കൊല്ലം: ഗോവയിലെ അഗസ്സൈമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ട് അഗ്നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയുണ്ടായ അപകടത്തില്‍ ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണ് ലഭിച്ച വിവരം.

കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്നു ഗോവയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയില്‍ അഗസയിമിനും, ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് ഹരിയുള്‍പ്പെടെയുള്ള സേനാംഗങ്ങള്‍ നാവികസേനയുടെ കപ്പല്‍മാര്‍ഗം ഗോവയിലെത്തിയത്. നാലുവര്‍ഷത്തെ അഗ്നിവീര്‍ സേവനത്തിന്റെ മൂന്നാംവര്‍ഷത്തിലായിരുന്നു ഇരുവരും.

മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് (ജിഎംസി) ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച രാവിലെ നേവി ഉദ്യോഗസ്ഥര്‍ മോര്‍ച്ചറിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഹരിഗോവിന്ദിന്റെ ബന്ധുക്കള്‍ ഗോവയിലേക്ക് പുറപ്പെട്ടു. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഹെഡ് നഴ്സായ പി.കെ. ഷീജയാണ് ഹരിഗോവിന്ദിന്റെ അമ്മ. സഹോദരി: ഡോ. അനന്യ പ്രസന്നന്‍.