തൃശൂര്‍: വീട്ടുമുറ്റത്തിരുന്ന് കളിക്കുന്നതിനിടയില്‍ പേനയുടെ അടപ്പ് ശ്വാസനാളത്തില്‍ കുരുങ്ങി നാലു വയസ്സുകാരന്‍ മരിച്ചു. വെള്ളറക്കാട് ആദൂര്‍ കണ്ടേരി വളപ്പില്‍ ഉമ്മറിന്റെയും മഫീദയുടെയും മൂത്ത മകന്‍ മുഹമ്മദ് ഷഹലാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടി വീടിന്റെ ഉമ്മറത്തിരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ പേനയുടെ മൂടി വിഴുങ്ങിപ്പോയെന്നാണ് കരുതുന്നത്. നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുട്ടി ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടത്. അല്‍പസമയത്തിനുള്ളില്‍ തന്നെ കുട്ടി അബോധാവസ്ഥയിലായി.

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടനെ പന്നിത്തടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേനയുടെ മൂടി ശ്വാസനാളത്തില്‍ കുടുങ്ങിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഫാത്തിമ സഹാന സഹോദരിയാണ്.