തൊടുപുഴ: തൊടുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദാണ് പിടിയിലായത്. ഉന്നതര്‍ക്കിടയില്‍ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണ് റഷീദ്. ഇയാളില്‍ നിന്നും അഞ്ച് ഗ്രാമോളം എംഡിഎംഎയും 23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. റഷീദ് കഴിഞ്ഞ കുറച്ച് നാളുകളായി പോലീസിന്റെ നിരീഷണത്തിലായിരുന്നു.

ലഹരി കച്ചവടത്തിനായി ഇയാള്‍ തൊടുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ടെന്ന് വ്യാഴാഴ്ച രാത്രി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തൊടുപുഴ പലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇയാളുടെ മുറിയില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് രാസലഹരി ഇടപാടില്‍ പങ്കില്ലാത്തതിനാല്‍ ഇവരെ പിന്നീട് വിട്ട് അയച്ചു. തൊടുപുഴയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണം നടത്തുന്നയാളാണ് റഷീദ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.