കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ മറ്റുയാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി. കൊല്ലം തേവള്ളി പാലസ് വാര്‍ഡില്‍ കായല്‍വാരത്ത് പുത്തന്‍വീട്ടില്‍ വേലായുധന്‍പിള്ള (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് 6.30-ന് തിരുവനന്തപുരത്തേക്കുപോയ കേരള എക്‌സ്പ്രസില്‍ ചങ്ങനാശ്ശേരിയിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ കോട്ടയത്ത് നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിന്‍വിട്ട് അല്പം കഴിഞ്ഞപ്പോള്‍ മുതല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. പേടിച്ചു പോയ സ്ത്രീകള്‍ ഒഴിഞ്ഞുമാറി എങ്കിലും ഇയാള്‍ വീണ്ടും സ്ത്രീകളോട് മോശമായി പെരുമാറുന്നത് തുടര്‍ന്നു. അതോടെ സഹയാത്രക്കാരായ പുരുഷന്മാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പുരുഷന്മാര്‍ ചേര്‍ന്ന് ഇയാളുടെ ഷര്‍ട്ട് ഊരിയെടുത്ത് കൈകള്‍ കെട്ടിയിട്ടു. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലം പ്രയോഗിച്ച് നിലത്തുകിടത്തിയ ശേഷം പോലിസിന് കൈമാറുക ആയിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതിയെ പോലീസിന് കൈമാറിയത്. കൈയേറ്റശ്രമം നടത്താന്‍ തുടങ്ങിയത് കോട്ടയം സ്റ്റേഷനില്‍ ആയതിനാല്‍ പ്രതിയെ രാത്രിയില്‍ കോട്ടയം സ്റ്റേഷനില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് ആരംഭിച്ചു.

കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതിനാല്‍ ചങ്ങനാശ്ശേരിയില്‍ എത്തുമ്പോള്‍ റെയില്‍വേ പോലീസില്‍ അറിയിക്കാമെന്നാണ് യാത്രക്കാര്‍ കരുതിയത്. എന്നാല്‍, ചങ്ങനാശ്ശേരിയില്‍ റെയില്‍വേ പോലീസിനെ കണ്ടെത്താന്‍ യാത്രക്കാര്‍ക്ക് കഴിഞ്ഞില്ല. റെയില്‍വേ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാനുള്ള ശ്രമവും വിഫലമായി. പിന്നീട് തിരുവല്ല കഴിഞ്ഞപ്പോഴാണ് കഴിഞ്ഞുപോയ രണ്ട് സ്റ്റേഷനുകളിലും റെയില്‍വേ പോലീസിന്റെ സേവനം ഇല്ലെന്ന് യാത്രക്കാര്‍ മനസ്സിലാക്കിയത്.