തിരുവനന്തപുരം: യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് നിമാനം അടിയന്തിരമായി മസ്‌ക്കറ്റിലിറക്കി. തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്‍ന്ന് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്‌സ് വിമാനമാണ് മസ്‌ക്കറ്റിലിറക്കിയത്. ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെത്തുടര്‍ന്നാണ് വിമാനം മസ്‌കറ്റ് വിമാനത്താവളത്തിലിറക്കിയത്.

ഇതോടെ തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര്‍ വൈകിയെത്തി. വിമാനം മൂന്നുമണിക്ക് എത്തിയശേഷം തിരികെ നാലോടെയാണ് സാധാരണ ദുബായിലേക്ക് തിരികെ പുറപ്പെടുക. മസ്‌ക്കറ്റില്‍നിന്ന് വിമാനം തിരുവനന്തപുരത്തേക്ക് എത്താന്‍ വൈകുമെന്നതിനെത്തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനകമ്പനി അധികൃതര്‍ സെക്യൂരിറ്റി മേഖലയിലുണ്ടായിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.

വിമാനം രാവിലെ എട്ടോടെ എത്തിയെങ്കിലും ക്യാബിന്‍ ക്രൂവിന്റെ ജോലിസമയം കഴിഞ്ഞതിനെത്തുടര്‍ന്ന് ദുബായിലേക്കുളള തുടര്‍യാത്ര റദ്ദാക്കി. ക്യാബിന്‍ ക്രൂവിനെയും വിശ്രമിക്കുന്നതിന് ഹോട്ടലുകളിലേക്ക് മാറ്റി. തുടര്‍ന്ന് രാത്രി 10.30-ഓടെ വിമാനം 330 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ടുവെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിറേറ്റ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.