കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനേയും മകന്‍ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് ആദര്‍ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.

ആദര്‍ശും സുഹൃത്തുക്കളും അര്‍ദ്ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനില്‍കുമാറിന്റെ മകനെതിരെ നേരത്തേയും സാമ്പത്തിക ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.