തിരുവനന്തപുരം: റോഡരികില്‍ ഫോണില്‍ സംസാരിച്ചു നിന്നയാള്‍ കൂറ്റന്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയില്‍ ബി.സുനില്‍ ശര്‍മ (585) ആണ് മരിച്ചത്. പരുക്കേറ്റ സുനില്‍ ശര്‍മയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കച്ചാണി ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം.

കാച്ചാണി ജംക്ഷനില്‍ നിന്ന് ഹൈസ്‌കൂളിലേക്ക് പോകുന്ന റോഡില്‍ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. റോഡരികില്‍ നിന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ മാവിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. ഈ സമയം ഇതുവഴി വന്ന കാറിനു മുകളിലും കൊമ്പ് വീണെങ്കിലും യാത്രക്കാര്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുടപ്പനകുന്ന് സ്വദേശി മിഥുനും ഭാര്യയും സഞ്ചരിച്ച കാറിന്റെ മുന്‍വശം മരം വീണ് തകര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ സുനില്‍ ശര്‍മ്മയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുനീക്കി. ഒരു മണിക്കൂറോളം ഈ ഭാഗത്തു ഗതാഗത തടസ്സവുമുണ്ടായി. കരകുളം കാച്ചാണി മോനി എന്‍ക്ലേവില്‍ താമസിക്കുന്ന സുനില്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ആയിരുന്നു. ഭാര്യ: നിഷ. മകള്‍: രേവതി

നെടുമങ്ങാട്, ചെങ്കല്‍ച്ചൂള എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മരത്തിന്റെ ശിഖരം മുറിച്ചുനീക്കിയത്. റോഡില്‍ ഗതാഗതതടസ്സവുമുണ്ടായി.