ബെംഗളൂരു: സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവില്‍ മകനെ കൊലപ്പെടുത്തിയ ശേഷം യുവതിയും അമ്മയും ആത്മഹത്യ ചെയ്തു. 38കാരിയായ സുധയും അവരുടെ അമ്മ 68കാരിയായ മുദ്ദമ്മയുമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സുധയുടെ മകന്‍ 14 വയസ്സുകാരനായ മൗനീഷിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സുധയും മുദ്ദമ്മയും നേരത്തെ ഒരു ബിരിയാണിക്കട നടത്തിയിരുന്നു. ഈ കച്ചവടം നഷ്ടത്തിലായതിനു പിന്നാലെ ഇവര്‍ ചിപ്‌സും പാലും വില്‍ക്കുന്ന കട ആരംഭിച്ചു. എന്നാല്‍ ആ കച്ചവടത്തിലും ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. കടം കൂടിയതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞ സുധ മകനോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. മൂവരുടെയും മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.