- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; പറശിനിക്കടവ് സ്വദേശിനിയുടെ പരാതിയില്‍ ഇരിട്ടി സ്വദേശി നൗഫലിന് എതിരെ കേസ്; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പോലീസ്
വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി
തളിപ്പറമ്പ്: വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആറളം വീര്‍പ്പാട് വെങ്ങാശേരി വീട്ടില്‍ വി.എം.നൗഫലെന്ന സത്താറിന്റെ(32)പേരിലാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.
പറശിനിക്കടവ് കുഴിച്ചാല്‍ സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ കൃഷ്ണംവീട്ടില്‍ കെ.സുപ്രഭയുടെ(50)പരാതിയിലാണ് കേസ്. വൃക്ക രോഗിയായ സുപ്രഭക്ക് കിഡ്‌നി മാറ്റിവെക്കാനായി ദാതാവിനെ എത്തിച്ചുതരാമെന്ന് പറഞ്ഞാണ് നാല് തവണകളായി 50,000 രൂപ വീതം വാങ്ങിയത്. 30 ലക്ഷം രൂപയാണ് ആകെ ചെലവാകുമെന്ന് പറഞ്ഞത്.
2025 മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 13 വരെയുള്ള കാലയളവിലാണ് പണം കൈപ്പറ്റിയത്. എന്നാല്‍ ദാതാക്കളെ നല്‍കാതെയും പണം തിരികെ കൊടുക്കാതെയും വഞ്ചിച്ചുവെന്നാണ് പരാതി. സത്താറിനെതിരെ നേരത്തെ പരാതിയുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇരിട്ടി ആറളം മേഖലയില്‍ വൃക്കനല്‍കാനായി സന്നദ്ധരായ ചിലരുണ്ടെന്നു വിശ്വസിപ്പിക്കുകയും വൃക്കരോഗികളെയും ചികിത്സാ സഹായകമ്മിറ്റിക്കാരെയും വഞ്ചിച്ചു പണം തട്ടുന്ന റാക്കറ്റിലെ കണ്ണിയാണ് നൗഫല്‍.
നിബിന്‍, ഗഫൂര്‍ എന്നീ കൂട്ടുപ്രതികള്‍ക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. വൃക്കരോഗിയായ പട്ടാന്നൂര്‍ സ്വദേശി ഷാനിഫിന്റെ ചികിത്സയ്ക്കായി ജനകീയ കമ്മിറ്റി സ്വരൂപിച്ച ആറുലക്ഷം രൂപ ഡോണറെ നല്‍കാമെന്ന് വിശ്വസിപ്പിച്ചു തട്ടിയെടുത്തുവെന്ന കേസിലാണ് നൗഫല്‍ അറസ്റ്റിലായത്. 2024-ഡിസംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലത്താണ് മൂന്ന് ലക്ഷം രൂപ പണമായും മൂന്ന് ലക്ഷം രൂപ ബാങ്ക് വഴിയും കൈപ്പറ്റിയത്. നൗഫല്‍ ഷാനിഫിനെ സമീപിച്ചു നിബിനെ ഡോണറായി പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പു നടത്തിയത് വൃക്കകള്‍ തകരാറിലായ ഷാനിഫിന് മാതാവിന്റെ വൃക്കമാറ്റിവെച്ചതാണ്. ഇതുപൂര്‍ണമായി വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടം വൃക്ക മാറ്റിവയ്ക്കുന്നതിനു നാട്ടുകാര്‍ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചുസമാഹരിച്ച തുകയാണ് തട്ടിയെടുത്തത്.
തുക നഷ്ടമായതോടെ ഒരു വര്‍ഷമായി ചികിത്സയും ശസ്ത്രക്രിയയും നടത്താതെ രോഗം ഗുരുതരമായ അവസ്ഥയിലാണ് ഷാനിഫ്. തട്ടിപ്പു സംഘം സഹായകമ്മിറ്റിയെയും പറഞ്ഞു പറ്റിച്ചാണ് മൂന്ന് ലക്ഷം രൂപ നേരിട്ടു കൈപ്പറ്റിയത്. നൗഫല്‍ മലപ്പുറം ജില്ലയില്‍ നിന്നും രണ്ടു പേരില്‍ നിന്നും ഇതേ രീതിയില്‍ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതിന് നേരത്തെ കേസെടുത്തിട്ടുണ്ട്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയില്‍ നിന്നും അഞ്ചരലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാള്‍ക്കെതിരെ പരിയാരം പൊലിസും കേസെടുത്തിട്ടുണ്ട്.




