- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛര്‍ദിയും; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ടു പേര്‍ മരിച്ചു: മരണം അണുബാധയെ തുടര്‍ന്നെന്ന് ആരോപണം
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ടു പേര്‍ മരിച്ചു
ഹരിപ്പാട്: ആലപ്പഴയിലെ ഹരിപ്പാട് ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നതിനിടെ രണ്ടു പേര്‍ മരിച്ചു. ഡയാലിസിസിനിടെ വിറയലും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരില്‍ രണ്ടു പേരാണ് രണ്ടു ദിവസത്തിനിടെ മരിച്ചത്. ഒരാള്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റൊരാള്‍ താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നു. അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണു മരിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരില്‍ നിന്നും ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചു.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങള്‍, വെള്ളം എന്നിവ പരിശോധിച്ചെന്നും അവ അണുവിമുക്തമാണെന്നു കണ്ടെത്തിയെന്നും സൂപ്രണ്ട് അറിയിച്ചു. വീണ്ടും വിദഗ്ധ പരിശോധന നടത്തും.
29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേര്‍ക്കു വിറയലും ഛര്‍ദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള 3 പേരില്‍ മജീദിനെയും മറ്റൊരാളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മജീദ് 30ന് രാത്രി 10.30ന് ഹൃദ്രോഗബാധയെത്തുടര്‍ന്നു മരിച്ചു. രാമചന്ദ്രന്‍ ഇന്നലെ രാവിലെ 7.05നും മരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജമുന വര്‍ഗീസ് ആശുപത്രിയിലെത്തി പരിശോധനകള്‍ക്കു നേതൃത്വം നല്‍കി. സംഭവത്തില്‍ രണ്ടു ഡപ്യൂട്ടി ഡിഎംഒമാര്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം അടിയന്തര അന്വേഷണം ആരംഭിച്ചു. മജീദിന്റെ കബറടക്കം നടത്തി. ഭാര്യ പരേതയായ പൊടിമോള്‍. മക്കള്‍: ജാസ്മിന്‍, താഹിറ. മരുമക്കള്‍: ബിജു, റിയാസ്. രാമചന്ദ്രന്റെ സംസ്‌കാരം നടത്തി. ഭാര്യ അംബിക. മക്കള്‍: ആതിര, വൈശാഖ്, മരുമകന്‍: ഹരികുമാര്‍.




