തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കല്‍ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ കൊടകര എംബിഎ കോളേജില്‍ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. 420 ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. ദേശീയപാതയില്‍ ബൈപ്പാസിന്റെ പണി നടക്കുന്നതിനാല്‍ സര്‍വീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കമ്പി തുളച്ചുകയറിയിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.