- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ഗണഗീതം പാടിയാല്‍ ശക്തമായി നേരിടും; ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും കെ.കെ. രാഗേഷ്
ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ഗണഗീതം പാടിയാല്‍ ശക്തമായി നേരിടും

കണ്ണൂര്‍ : ക്ഷേത്രങ്ങളില്‍ ആര്‍.എസ് എസ് ഗണഗീതം പാടാന്‍ പുറപ്പെട്ടാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. കണ്ണാടിപറമ്പ് മുത്തപ്പന്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി തൃശൂര്‍ പാട്ട് ഫാമിലി നടത്തിയ ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് തടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ കുറിച്ചു മാധ്യമങ്ങളോട് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍. എസ്. എസ് ഗണഗീതം പാടേണ്ടത് അവരുടെ ഓഫീസുകളിലോ ശാഖകളിലോയാണ്. ക്ഷേത്രങ്ങളില്‍ പാടിയാല്‍ അതു ജനങ്ങള്‍ ശക്തമായി തടയുമെന്നും അതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ആര്‍.എസ്. എ സ് ശ്രമിക്കുന്നത്. ആര്‍.എസ്.എസ് വിശ്വാസികളല്ല വിശ്വാസത്തിന്റെ മറവില്‍ തങ്ങളുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ നോക്കുന്നത്.
ക്ഷേത്രങ്ങളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള കാര്യങ്ങളാണ് നടത്തേണ്ടത്. അതിലാര്‍ക്കും തര്‍ക്കമില്ല. നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും ഒരു കാലത്ത് പോകാനുള്ള അവകാശമുണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണമെന്നും കെ.കെ.രാഗേഷ് പറഞ്ഞു.
പയ്യന്നൂരില്‍ തള്ളേണ്ടവരെ തള്ളുമെന്നും കൊള്ളേണ്ടവരെ കൊള്ളുമെന്നും കെ.കെ രാഗേഷ് പറഞ്ഞു. പയ്യന്നൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം അവിടെ ഇടപ്പെട്ടിട്ടുണ്ട്. തിരുത്തേണ്ടവരെ തിരുത്തിച്ചു പാര്‍ട്ടിയോടൊപ്പം നിര്‍ത്താനാണ് തീരുമാനം. തെറ്റിദ്ധാരണ കാരണമാണ് പലരും പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നത്. ഇതില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമുണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുകയെന്നതാണ് പാര്‍ട്ടി നയം. ഇതിനാവശ്യമായ കാര്യങ്ങളാണ് ചെയ്തു വരുന്നത്.
പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും വിമത സ്ഥാനാര്‍ത്ഥിയായി വിജയിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി വൈശാഖുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ തന്നെ വൈശാഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. അതിനു ശേഷം വൈശാഖുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. അതാണ് തള്ളേണ്ടവരെ തള്ളുമെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം. ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതും ഒരു തിരുത്തല്‍ നടപടിയാണ്. പയ്യന്നുരില്‍ പാര്‍ട്ടിക്ക് യാതൊരു ക്ഷീണവും പറ്റിയിട്ടില്ല ഇപ്പോഴും നല്ല സ്വാധീനം അവിടെ സി.പി. എമ്മിന് തന്നെയാണെന്നും കെ.കെ.രാഗേഷ് പറഞ്ഞു. സി.പി.എം നടത്തിവരുന്ന ഗൃഹസന്ദര്‍ശനത്തിന് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. താന്‍ പോയിട്ടുള്ള വീടുകളില്‍ നിന്നും ആരും പാര്‍ട്ടിയേയൊ സര്‍ക്കാരിനെയോ വിമര്‍ശിച്ചിട്ടില്ലെന്നും കെ.കെ.രാഗേഷ് പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു..


