തിരുവന്തപുരം: അഭയമറ്റവര്‍ക്ക് ആശ്വാസമായും തീരാരോഗത്താല്‍ വലയുന്നവര്‍ക്ക് താങ്ങായും ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുവപ്പുനാടകളില്‍ കുരുങ്ങി അപേക്ഷകര്‍ മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നല്‍കിക്കൊണ്ട് 2016 നവംബറില്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണ്ണമായും ഓണ്‍ലൈനാക്കി പരിഷ്‌കരിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അര്‍ഹരായവര്‍ക്ക് 100 മണിക്കൂറിനുള്ളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിബിടി സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു.

2016-21 കാലയളവില്‍ 5715.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയില്‍ നിന്നും വിനിയോഗിച്ചത്. ഇതില്‍ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നല്‍കി. 2021 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നല്‍കിയതില്‍ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സര്‍ക്കാര്‍ സഹായം അനുവദിച്ച് ഉത്തരവായെങ്കിലും തുക നല്‍കാതിരുന്ന 29,930 അപേക്ഷകളില്‍പ്പോലും എല്‍ഡിഎഫ് സര്‍ക്കാരാണ് പണം ലഭ്യമാക്കിയതെന്നും നാം തിരിച്ചറിയണം. അപേക്ഷകന് ധനസഹായം ലഭിക്കുന്നതിനായി ദീര്‍ഘനാള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.

തികച്ചും സുതാര്യമായ ഈ സംവിധാനത്തില്‍ അപേക്ഷയുടെ നിജസ്ഥിതി https://cmo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകന് നേരിട്ട് പരിശോധിക്കാവുന്നതാണ്. എച്ച്‌ഐവി ബാധിതര്‍ക്കും ആര്‍സിസിയില്‍ ചികിത്സ നടത്തുന്നവര്‍ക്കും പ്രത്യേക ഓണ്‍ലൈന്‍ സംവിധാനങ്ങളും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള സഹായവിതരണവും ഉറപ്പാക്കുന്നു. മാരകമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് 3 ലക്ഷം രൂപ വരെയും, വാര്‍ഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങള്‍ക്കും ഈ ആശ്വാസ പദ്ധതിയുടെ തണല്‍ ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ദുരന്തഘട്ടങ്ങളില്‍ നല്‍കുന്ന വര്‍ദ്ധിപ്പിച്ച സഹായധനം ഈ സര്‍ക്കാരിന്റെ കരുതലിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു