കോട്ടയം: സഹോദരനെ കൈക്കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ. സ്വന്തം ഉപയോഗത്തിന് വാങ്ങിവെച്ചിരുന്ന മദ്യം എടുത്തുകുടിച്ച സഹോദരനോട് പണം ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റമല ചിറ്റക്കാട്ട് വീട്ടില്‍ മാത്യു തോമസി(57)നെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി കെ. ലില്ലി ശിക്ഷിച്ചത്.

2016 ഓഗസ്റ്റ് 19-നായിരുന്നു സംഭവം. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം സഹോദരനായ ജോയി എടുത്ത് കുടിച്ചു. ഇതിനുപകരമായി 1000 രൂപ പണമായി ആവശ്യപ്പെട്ടു. എന്നാല്‍, ജോയി പണം കൊടുത്തില്ല. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പുപ്രകാരമാണ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെയും 16 പ്രമാണവും ഹാജരാക്കി. പൊന്‍കുന്നം പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മീരാ രാധാകൃഷ്ണന്‍, അഡ്വ. വി.എസ്. അര്‍ജുന്‍ എന്നിവര്‍ ഹാജരായി.