കൊല്ലം: കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി അധ്യാപികയായ സിന്ധു എസ് നായര്‍. സ്‌കൂള്‍ മാനേജര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അധ്യാപികയുടെ തീരുമാനം. ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ സെക്യൂരിറ്റി ഗേറ്റിന് മുന്നില്‍ തടയുക ആയിരുന്നു. സ്‌കൂള്‍ മാനേജരുടെ നിര്‍ദേശപ്രകാരമാണെന്നാണ് സെക്യൂരിറ്റി അറിയിച്ചത്.

കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം. മാനേജര്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അധ്യാപിക ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ ഒരു എച്ച്എമ്മിനെ തടയുമെന്ന് പ്രതീക്ഷിച്ചില്ല. കുട്ടികള്‍ക്ക് മുന്നില്‍ നേരിട്ട അനുഭവം മാനസികമായി തളര്‍ത്തിയെന്നും സിന്ധു പ്രതികരിച്ചു. സംഭവത്തില്‍ അധ്യാപിക പൊലീസില്‍ പരാതി നല്‍കി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യാപികമാര്‍ ചുരിദാര്‍ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജര്‍ പ്രവര്‍ത്തിച്ചതെന്നാണ് പരാതി.

പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്‌കൂളിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് തുറന്നില്ല. ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിര്‍ദ്ദേശമെന്നായിരുന്ന ജീവനക്കാരന്റെ മറുപടി. കുട്ടികള്‍ക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാര്‍ ചുരിദാര്‍ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. എന്നാല്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയും തടയാന്‍ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയില്‍ പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.