ആലപ്പുഴ: യുവതിയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയെന്ന പരാതിയില്‍ ദമ്പതിമാര്‍ക്കെതിരേ സൈബര്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ മാവേലിക്കര തഴക്കര സ്വദേശികള്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. ദമ്പതിമാര്‍ ചേര്‍ന്ന് യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം പണം തട്ടുകയായിരുന്നു.

യുവതിയുടെ ചിത്രമുപയോഗിച്ച് പ്രതികള്‍ നാലു വ്യാജ സാമൂഹികമാധ്യമ അക്കൗണ്ടുണ്ടാക്കി. ഈ അക്കൗണ്ടുകളിലൂടെ ആളുകളുമായി ചാറ്റുചെയ്ത് ഭര്‍ത്താവു മരിച്ചെന്നും കുട്ടിക്കു രോഗമാണെന്നും പറഞ്ഞ് സഹതാപം തേടി. കുട്ടിയുടെ ചികിത്സയ്ക്കായി പണം വേണമെന്ന് പലരോടും ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീശബ്ദത്തില്‍ പലര്‍ക്കും ശബ്ദസന്ദേശവുമയച്ചു. മകന്റെ ചികിത്സയ്ക്കായി പണം നല്‍കി സഹായിക്കണമെന്നായിരുന്നു അഭ്യര്‍ഥന. പലരും ഇതു വിശ്വസിച്ച് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കുകയും ചെയ്തു. യുവതി സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും തന്റെ പേരില്‍ തട്ടിപ്പ് നടത്തിയത് ഇവര്‍ അറിഞ്ഞിരുന്നില്ല.

പിന്നീട്, പണം നല്‍കിയവരില്‍ ചിലര്‍ കുട്ടിക്ക് ഇപ്പോള്‍ എങ്ങനെയുണ്ടെന്നു തിരക്കിയപ്പോഴാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം കാട്ടി യുവതി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റിട്ടു. ഇതോടെ ചില അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഡിലീറ്റ് ചെയ്തു. പലരില്‍നിന്നും 500-1000 രൂപ വീതമാണ് തട്ടിയത്. ദമ്പതിമാരുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. തട്ടിപ്പിന് എത്രപേര്‍ ഇരയായെന്ന് വ്യക്തമല്ല. പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് യുവതി സൈബര്‍ പോലീസിനു പരാതി നല്‍കിയത്. പ്രതികള്‍ ഒളിവിലാണ്.