കോഴിക്കോട്: ലഹരിമരുന്ന് വില്‍പനക്കാരായ ദമ്പതികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി.സി.നിര്‍ഫാന എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെയും മെഡിക്കല്‍ കോളജ് പൊലീസിന്റെയും പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പോലിസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി 'കുമാരി'യെന്ന അരുണ്‍ പിടിയിലായ കേസില്‍ നടത്തിയ ചോദ്യംചെയ്യലില്‍ ലഭിച്ച വിവരമനുസരിച്ചാണ് ഇരുവരേയും ഇന്നലെ പോലിസ് കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് ഇര്‍ഫാന്‍ കോഴിക്കോട്ടെ വന്‍ ലഹരി മരുന്ന് കച്ചവടക്കാരനാണ്. ഇയാള്‍ ഭാര്യയുമായി എത്തിയാണ് എംഡിഎംഎ അടക്കമുള്ള ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇടപാടുകാരായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ 'ഡോണ്‍' എന്നാണ് ഇര്‍ഫാന്‍ അറിയപ്പെട്ടു വന്നത്. ഭാര്യയ്‌ക്കൊപ്പം രാത്രിയില്‍ മാത്രം പുറത്തിറങ്ങി വില്‍പന നടത്തുന്ന രീതിയാണ് ഇയാള്‍ പിന്തുടര്‍ന്നു വന്നത്. പൊലീസിന്റെ പിടിയില്‍ ആകാതിരിക്കാന്‍ ഭാര്യയുടെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകള്‍.

ബ്യൂട്ടീഷനായി രാവിലെ പ്രവര്‍ത്തിച്ചുവന്ന നിര്‍ഫാനയും ഭര്‍ത്താവും നഗരത്തിലെ ലഹരിമരുന്നു മൊത്തവ്യാപാര ശൃംഖലയില്‍ ഉള്‍പ്പെട്ടവരാണെന്നാണ് വിവരം. കല്ലായിയിലെ ഷൂ കടയുടെ മറവിലും പ്രതി ഇര്‍ഫാന്‍ ലഹരിമരുന്നു കച്ചവടം നടത്തിയതായി വിവരമുണ്ട്. വ്യാജ ഐഡി കാര്‍ഡുകളും പത്ത് മൊബൈല്‍ നമ്പരുകളും ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകള്‍. ഇടപാടുകള്‍ക്കായി ആറോളം വാഹനങ്ങളും ഇര്‍ഫാന്‍ ഉപയോഗിച്ച് വന്നത് പൊലീസിനെ കുഴക്കിയിരുന്നു.

ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഇര്‍ഫാനും നിര്‍ഫാനയും പിടിയിലായത്. 2025 ല്‍ 25 ഗ്രാം എംഡിഎംഎയുമായി തൊണ്ടയാട് സ്വദേശി അക്ഷയയില്‍ നിന്ന് പിടികൂടിയ കേസിലും ഇവര്‍ പ്രതികളാണ്. ഇര്‍ഫാന്റെ രണ്ടു സഹോദരങ്ങള്‍ക്കെതിരെ ലഹരിമരുന്ന് ഉപയോഗിച്ചതിനും കടത്തിയതിനും കേസുണ്ട്.