തിരുവനന്തപുരം: ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ കടുത്ത പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകള്‍ മുടങ്ങും.

സെക്രട്ടേറിയേറ്റിന് മുന്നിലെ കെജിഎംസിടിഎ ധര്‍ണ ഇന്ന് നടക്കും. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പിജി വിദ്യാര്‍ഥികളും നാളെ പണിമുടക്കിനിറങ്ങുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. അതേസമയം അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനിറങ്ങുന്നത്. ഇന്ന് കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കും. ഒപി ബഹിഷ്‌കരണ സമരം ഇന്ന് നാലാം ദിനമാണ്. സമരം പിന്‍വലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് കെജിഎംസിടിഎ തള്ളിക്കളഞ്ഞിരുന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പിജി വിദ്യാര്‍ഥികളും നാളെ പണിമുടക്കും. ഇതോടെ ഒപി സേവനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടും.