തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നും മാരക ലഹരിമരുന്നായ എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ തിരുവല്ല പോലീസിന്റെ പിടിയിലായി. അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര സ്വദേശികളായ അനില്‍ ഭവനില്‍ അഖില്‍ രാജ് (28), അനന്തു ഭവനില്‍ അനന്തു (26) എന്നിവരെയാണ് 46 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ നാടകീയ നീക്കത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. ലഹരിക്കടത്ത് സംഘങ്ങളുടെ പ്രധാന ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുന്ന ഇവരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശ് കെഎസ്, തിരുവല്ല ഡിവൈഎസ്പി ജിജു ടിആര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

ശനിയാഴ്ച മുതല്‍ അന്വേഷണസംഘം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പ്രതികളെ വലയിലാക്കിയത്. ഇവരില്‍ നിന്നും കണ്ടെടുത്ത 46 ഗ്രാം ലഹരിമരുന്നിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും.

തിരുവല്ല ഇന്‍സ്‌പെക്ടര്‍ സുജിത് കെഎസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ധന്യ, അജികുമാര്‍ ആര്‍, കൂടാതെ ജില്ലാ ഡാന്‍സാഫ് (DANSAF) ടീമും പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. സുജിത്ത്, മിഥുന്‍, ശ്രീരാജ്, ബിനു, ജിതിന്‍, അഖിലേഷ്, അവിനാഷ്, ടോജോ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ജില്ലയിലെ മയക്കുമരുന്ന് മാഫിയയ്ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.