തൃശ്ശൂര്‍: വാഴച്ചാല്‍ പുകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ ദാരുണമായി മരിച്ചു. സുന്ദരന്‍ എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങല്‍ കുത്ത് ഡാമിന് സമീപം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സുന്ദരന്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടത്. പരിക്കേറ്റ സുന്ദരനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുക ആയിരുന്നു.

കഴിഞ്ഞ ദിവസം ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ആറളം സ്വദേശി അനീഷാണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.