കുമ്പള: കേടായ മൊബൈല്‍ഫോണ്‍ നന്നാക്കി നല്‍കാത്തതില്‍ മനൊനന്ത് വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് മരിച്ചു. കിദൂര്‍ കളത്തൂര്‍ ലക്ഷ്മി നിലയത്തില്‍ എം.ഡി. പൂജ (17) ആണ് മരിച്ചത്. മൊബൈല്‍ഫോണിന്റെ ഡിസ്പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാര്‍ ശരിയാക്കി കൊടുക്കാത്തതിനാല്‍ കടുത്ത മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടി.

ബുധനാഴ്ച വൈകീട്ട് താന്‍ എലിവിഷം കഴിച്ചതായി വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. ഇടയ്ക്കിടെ എലിവിഷത്തിന്റെ കാര്യം പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കുന്നതിനാലായിരുന്നു വീട്ടുകാര്‍ ഗൗരവത്തിലെടുക്കാതിരുന്നത്. രാത്രി ഏറെ വൈകി പെണ്‍കുട്ടി അവശയായതോടെയാണ് മകള്‍ പറഞ്ഞത് സത്യമാണെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയത്. ഉടന്‍ ദേര്‍ളക്കട്ടയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മംഗളൂരുവില്‍ പി.യു.സി. വിദ്യാര്‍ഥിനിയായിരുന്നു പൂജ.

കുറച്ചുദിവസം മുന്‍പ് പൂജ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ഡിസ്പ്ലേ തകരാറിലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് പെട്ടെന്ന് പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനോവിഷമത്തിനിടയാക്കിയെന്ന് കരുതുന്നു. അസ്വാഭാവിക മരണത്തിന് കുമ്പള പോലീസ് കേസെടുത്തു. പിതാവ്: കളത്തൂര്‍ ദാമോദരന്‍. മാതാവ്: ഗിരിജ. സഹോദരന്‍: മനീത്.